‘അതും ഞങ്ങളുടെ പക്കലില്ല’ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകളും ഇല്ലെന്ന് കേന്ദ്രം, വീണ്ടും കൈമലര്‍ത്തല്‍

ന്യൂഡല്‍ഹി: വീണ്ടും കൈമലര്‍ത്തലുമായി കേന്ദ്രം. ഇത്തവണ രാജ്യത്തെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ കൈയിലില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യ സംബന്ധിച്ച് വിവരം കൈമാറാത്തതാണ് കേന്ദ്രം ഇതിന് കാരണമായി പറയുന്നത്.

ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണന്‍ റെഡ്ഡി ആണ് രാജ്യസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചിരിക്കുന്നത്. ‘എന്‍സിആര്‍ബി അറിയിച്ചതനുസരിച്ച് മറ്റ് തൊഴിലുകളിലെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികളികള്‍ എന്നിവരുടെ വിവരങ്ങള്‍ ഇല്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ പരിമിതി കാരണം കാര്‍ഷിക മേഖലയിലെ ആത്മഹത്യയുടെ ദേശീയ കണക്കുകള്‍ പ്രത്യേക പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയ്ക്ക് രേഖാമൂലം നല്‍കിയ പ്രസ്താവനയില്‍ അറിയിക്കുന്നു.

എന്നിരുന്നാലും ആത്മഹത്യകളും അപകടമരണങ്ങളും സംബന്ധിച്ച ഏറ്റവും പുതിയ എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം 2019 ല്‍ 10281 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2018 ല്‍ ഇത് 10,375 ആയിരുന്നു. കഴിഞ്ഞ ആഴ്ച ലോക്ഡൗണിനിടയില്‍ നാട്ടിലേക്ക് മടങ്ങവെ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ വിവരങ്ങള്‍ സംബന്ധിച്ച് ഡാറ്റകളില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കൈമലര്‍ത്തല്‍ കൂടി നടത്തിയിരിക്കുന്നത്.

Exit mobile version