വീരമൃത്യുവിന് പിന്നാലെ നിരവധി വാഗ്ദാനങ്ങള്‍, ഒന്നും പാലിച്ചില്ല; കീര്‍ത്തിചക്ര സര്‍ക്കാരിന് തിരിച്ചു നല്‍കാനൊരുങ്ങി കുടുംബം

ഷിംല: സൈനികനായ മകന് 18 വര്‍ഷം മുന്‍പ് മരണാനന്തര ബഹുമതിയായ ലഭിച്ച കീര്‍ത്തിചക്ര സര്‍ക്കാരിന് തന്നെ തിരിച്ചുനല്‍കാനൊരുങ്ങി കുടുംബം. വീരമൃത്യുവിന് പിന്നാലെ പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും പാലിക്കപ്പെടാത്തതിന്റെ സാഹചര്യത്തിലാണ് കീര്‍ത്തിചക്ര തിരിച്ച് നല്‍കാനൊരുങ്ങുന്നത്.

ഹിമാചല്‍പ്രദേശിലെ കങ്കറ ജില്ലയില്‍ നിന്നുള്ള രാജ് കുമാരിയും കുടുംബവുമാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പുരസ്‌കാരം തിരിച്ചുനല്‍കുന്നത്. രാജ്കുമാരിയുടെ മകനായ അനില്‍ ചൗഹാന്‍ 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വീരമൃത്യുവരിച്ചത്. ആസാമില്‍ സൈന്യം നടത്തിയ റിനോ ഓപ്പറേഷനിടെയായിരുന്നു സൈനികന്‍ വീരമൃത്യു വരിച്ചത്.

അനില്‍ ചൗഹാന്റെ പേര് ജന്മനാട്ടിലെ ഒരു സ്‌കൂളിന് നല്‍കും, അനിലിന്റെ പേരില്‍ ഗ്രാമത്തില്‍ ഗേറ്റ് നിര്‍മിക്കും തുടങ്ങി അനിലിന്റെ മരണത്തിനു പിന്നാലെ നിരവധി വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയത്. 18 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതൊന്നും പൂര്‍ത്തീകരിച്ചില്ലെന്ന് രാജ്കുമാരി ആരോപിച്ചു. അതേസമയം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്ന് വിവരമറിഞ്ഞ് രാജ്ഭവനിലെത്തിയ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് രാം താക്കൂര്‍ ഉറപ്പുനല്‍കി.

Exit mobile version