പുതുച്ചേരി നിയമസഭയിലേക്കുള്ള നാമനിര്‍ദേശം; കിരണ്‍ ബേദിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

ഡല്‍ഹി: പുതുച്ചേരി നിയമസഭയിലേക്ക് മൂന്ന് എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്തു കൊണ്ടുള്ള പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്ത ബേദിയുടെ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.

ഭരിക്കുന്ന പാര്‍ട്ടിയുമായി ആലോചിച്ചില്ല എംഎല്‍എമാരുടെ പേരുകള്‍ നിശ്ചയിച്ചത്. അതിനാല്‍ പ്രസ്തുത നാമനിര്‍ദ്ദേശം റദ്ദുചെയ്യണം എന്ന ആവശ്യവുമായി കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചത്.

2017-ലാണ് ബിജെപി അംഗങ്ങളായ എസ് സ്വാമിനാഥന്‍, കെജി സ്വാമിനാഥന്‍, കെജി ശങ്കര്‍, വി സെല്‍വഗണപതി എന്നിവരെ കിരണ്‍ ബേദി എംഎല്‍എമാരായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ വിഷയത്തില്‍ പുതുച്ചേരി ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ വി നാരായണസ്വാമി സര്‍ക്കാരുമായി തര്‍ക്കമുണ്ടാവുകയായിരുന്നു.

തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി കിരണ്‍ ബേദിക്കനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഇവരെ നിയമസഭയില്‍ പ്രവേശിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം അന്തിമ വിധിയ്ക്കായി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തുന്നത്.

കേന്ദ്രഭരണപ്രദേശ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് മൂന്ന് നിയമസഭാംഗങ്ങളെ നിര്‍ദ്ദേശിക്കാനുള്ള അധികാരമുണ്ട്. ഡല്‍ഹിക്കു പുറമേ, പ്രത്യേക ഭരണഘടനാ ഉപക്ഷേപം വഴി തെരഞ്ഞെടുപ്പിലൂടെ നിയമിതമായ മന്ത്രി സഭയുള്ള ഒരേയൊരു കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി.

Exit mobile version