പാര്‍ലമെന്റില്‍ കങ്കണക്കെതിരെയുള്ള പരാമര്‍ശം; ബച്ചന്‍ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ പാര്‍ലമെന്റില്‍ പരാമര്‍ശം നടത്തിയ എംപി ജയാ ബച്ചന്റെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജുഹുവിലെ വസതിയായ ജല്‍സയിലാണ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചത്.

പ്രസംഗത്തെ തുടര്‍ന്ന് ജയാ ബച്ചന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ട്രോള്‍ നേരിടേണ്ടി വന്നിരുന്നു. ജയബച്ചനെതിരെയുള്ള ഷെയിംഓണ്‍യുജയബച്ചന്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. ഈ സാഹചര്യത്തിലാണ് ജുഹുവിലെ ജല്‍സയില്‍ പോലീസ് അധിക സുരക്ഷ ഏര്‍പ്പെടുത്തിയത്.

ബോളിവുഡ് താരം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ മൊത്തമായി കരിവാരി തേക്കുകയാണെന്നും പാലുകൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണെന്നുമായിരുന്നു ജയാ ബച്ചന്റെ പരാമര്‍ശം. ഹേമമാലിനി, തപ്സി പന്നു തുടങ്ങിയ പ്രമുഖര്‍ ജയാ ബച്ചന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ശിവസേനയും ജയാ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. മുഖപത്രമായ സാമ്നയിലാണ് ശിവസേന ജയാ ബച്ചനെ പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതിയത്.

Exit mobile version