ലോക്ക് ഡൗണില്‍ നിറഞ്ഞത് വ്യാജ വാര്‍ത്തകള്‍; അതിഥി തൊഴിലാളികളുടെ പലായനത്തിനും കാരണമായി; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ നിറഞ്ഞത് വ്യാജ വാര്‍ത്തകളാണെന്നും ഇത് അതിഥി തൊഴിലാളികളുടെ പലായനത്തിനും കാരണമായെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് മൂലമാണ് പലായനം ഉണ്ടായതെന്നും ലോക്ക്ഡൗണിന്റെ സമയത്ത് ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരായെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറയുന്നു. ലോക്ഡൗണ്‍ എത്രകാലം നീളുമെന്നതിലും വ്യാജവാര്‍ത്ത പ്രചരിച്ചത് ആശങ്ക സൃഷ്ടിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ബോധവന്മാരായിരുന്നു എന്നും ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭവനരഹിതരായ ആളുകള്‍ക്ക് താമസ സൗകര്യം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയവ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ദുരന്ത നിവാരണ ഫണ്ട് ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതായും കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 11, 092 കോടി രൂപ മുന്‍കൂറായി അനുവദിച്ചതായും മന്ത്രി പറയുന്നു.

എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലേക്ക് നടന്നു പോകേണ്ടിവന്നത്, വഴിമധ്യേ നിരവധി പേര്‍ മരിച്ചുവീണതും അടക്കം ഉന്നയിച്ചുള്ള ഉന്നയിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാല റോയിയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.

Exit mobile version