ഇതില്‍ ഏതാണ് പരിഗണിക്കേണ്ടത്? കൊവിഡ് പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങള്‍ പങ്കുവെച്ച് ചോദ്യവുമായി രാജസ്ഥാന്‍ എംപി ഹനുമാന്‍ ബെനിവാള്‍

ജയ്പുര്‍: കൊവിഡ് 19 പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാജസ്ഥാന്‍ എംപി ഹനുമാന്‍ ബെനിവാള്‍. കൊവിഡ് പോസിറ്റീവായതും നെഗറ്റീവായതുമായ ഫലങ്ങള്‍ പങ്കുവെച്ചാണ് എംപിയുടെ ചോദ്യം. രണ്ട് തവണ നടത്തിയ ടെസ്റ്റിലാണ് തനിക്ക് രണ്ട് ഫലങ്ങള്‍ ലഭിച്ചതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. പരിശോധനാ ഫലവും പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ചോദ്യം.

പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി അംഗങ്ങള്‍ക്ക് നിര്‍ബന്ധിതമായി നടപ്പാക്കിയ കൊവിഡ് 19 പരിശോധനയിലാണ് ഹനുമാന്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഈ പരിശോധന നടത്തിയത് ഐസിഎംആറായിരുന്നു. ഇതേ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ നാട്ടിലേക്ക് മടങ്ങിയ ഹനുമാന്‍ ബെനിവാള്‍ ജയ്പുര്‍ സവായ് മാന്‍ സിങ് ആശുപത്രിയില്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്ന് ലഭിച്ച പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതാണ് അദ്ദേഹം ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

‘ലോക്സഭ പരിസരത്ത് വെച്ച് നടത്തിയ പരിശോധനയില്‍ ഞാന്‍ കൊവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തി. മടങ്ങിയെത്തി ജയ്പുര്‍ എസ്എംഎസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഞാന്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ടുപരിശോധനാഫലങ്ങളും ഞാന്‍ പങ്കുവെക്കുന്നു. ഇതില്‍ ഏതാണ് പരിഗണിക്കേണ്ടത്?’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രണ്ടുദിവസത്തെ ഇടവേളയിലാണ് എംപി പരിശോധന നടത്തിയത്.

Exit mobile version