മികച്ച ആഹാരവും വസ്ത്രവും ഒപ്പം വിദ്യാഭ്യാസവും; 560 ആദിവാസി കുട്ടികള്‍ക്ക് സഹായവുമായി സച്ചിന്‍, അഭിനന്ദനപ്രവാഹം

560 ആദിവാസി കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്കാണ് താരത്തിന്റെ സഹായം. എന്‍ജിഓ പരിവാര്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് അദ്ദേഹം കുട്ടികള്‍ക്ക് വേണ്ട സഹായം എത്തിക്കുന്നത്.

മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് മികച്ച ആഹാരം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരുക്കും. മാസങ്ങള്‍ക്ക് മുന്‍പ് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകള്‍ക്ക് റേഷന്‍ എത്തിക്കാനുള്ള യജ്ഞത്തില്‍ സച്ചിനും പങ്കാളിയായിരുന്നു. പിന്നാലെയാണ് വീണ്ടും സഹായ ഹസ്തവുമായി താരം രംഗത്തെത്തിയത്.

ഒരു മാസത്തേക്ക് 5000 പേര്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാനുള്ള ഉത്തരവാദിത്വം സച്ചിന്‍ ഏറ്റെടുത്ത വിവരം അപ്നാലയ എന്ന എന്‍ജിഒയാണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിന്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കിയത്.

Exit mobile version