നടന്‍ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ചെയര്‍മാനായി നിയമിച്ചു

ന്യൂഡല്‍ഹി: നടന്‍ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ചെയര്‍മാനായി രാഷ്ട്രപതി ശ്രി രാംനാഥ് കോവിന്ദ് നിയമിച്ചു. പരേഷ് റാവലിന്റെ പ്രതിഭ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്‍മാര്‍ക്കും ഗുണകരമാകുമെന്നാണ് കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പറഞ്ഞത്.

നാല് വര്‍ഷത്തേയ്ക്കാണ് പരേഷ് റാവലിനെ എന്‍എസ്ഡി സൊസൈറ്റിയുടെ ചെയര്‍മാന്‍ തസ്തികയില്‍ നിയമിച്ചിരിക്കുന്നത്. 1959ല്‍ സ്ഥാപിതമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌ക്കാരിക മന്ത്രാലയം പൂര്‍ണ്ണമായും സാമ്പത്തിക സഹായം ചെയ്യുന്ന ഒരു സ്വയംഭരണ സംഘടനയാണ്. ലോകത്തെ ആദ്യത്തെ തീയേറ്റര്‍ പരിശീല സ്ഥാപനങ്ങളില്‍ ഒന്നായ എന്‍എസ്ഡി ആദ്യ കാലത്ത് സംഗീതനാടക അക്കാദമിയുടെ കീഴിലായിരുന്നു. 1975ലാണ് ഇത് ഒരു സ്വതന്ത്ര്യ സ്ഥാപനമായി മാറിയത്.

1984 ല്‍ ഗുജറാത്തി ചിത്രത്തിലൂടെയാണ് പരേഷ് റാവല്‍ സിനിമാ രംഗത്ത് എത്തിയത്. 1980 – 90 കളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച പരേഷ് 2000ത്തിന് ശേഷം ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 1994ല്‍ മികച്ച സ്വഭാവ നടനുള്ള ദേശീയ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2014ല്‍ പത്മശ്രീ ലഭിച്ച പരേഷ് അതേ വര്‍ഷം അഹമ്മദാബാദ് ഈസ്റ്റില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭാ അംഗവുമായി. .

Exit mobile version