വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് നല്‍കാന്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വ്യാജന്‍; ഫ്‌ലിപ്പ് കാര്‍ട്ടിനെതിരെ പരാതിയുമായി തമിഴ് യുവനടന്‍

ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കുന്നതാകും ഉചിതമെന്നുമായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ടിന്റെ ആദ്യമറുപടി

ചെന്നൈ: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നത് ഇന്ന് എല്ലാവര്‍ക്കുമിടയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അങ്ങനെ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ് ചെന്നൈയില്‍ അതും പണി കിട്ടിയത് പ്രമുഖ തമിഴ് താരം നകുലിന്.

വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് സമ്മാനം നല്‍കാന്‍ നടന്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ലഭിച്ചത് ഐഫോണിന്റെ അപരന്‍.
അതേസമയം സംഭവത്തില്‍ താരം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് പറയുന്നു. നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പിറ്റേദിവസം തന്നെ ഫോണ്‍ എത്തി. സ്ഥലത്തില്ലാതിരുന്നതിനാല്‍ ഡിസംബര്‍ ഒന്നിനാണ് പാഴ്‌സല്‍ തുറന്നുനോക്കിയത്. പ്ലാസ്റ്റിക് കണ്ടു നിര്‍മിച്ചതുപോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്. സോഫ്റ്റ്വെയറും ഐഒഎസ് ആയിരുന്നില്ല. ആന്‍ഡ്രോയിഡ് ആപ്പുകളും ഇടകലര്‍ത്തിയുള്ള ഫോണായിരുന്നത്.

ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കുന്നതാകും ഉചിതമെന്നുമായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ടിന്റെ ആദ്യമറുപടി. തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുമെന്നും പണം തിരികെ നല്‍കാമെന്നും ഫ്‌ലിപ്പ്കാര്‍ട്ട് അറിയിച്ചു. എന്നാല്‍ പിറ്റേന്ന് ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ആളെത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് നടന്‍ പ്രതികരിച്ചു. കൂടുതല്‍ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നകുല്‍ പറഞ്ഞു.

Exit mobile version