ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇത്തവണത്തെ 20 കോടി ഇന്ത്യക്കാരന്, അപ്രതീക്ഷിത സമ്മാനമെന്ന് ഗുര്‍പ്രീത് സിംഗ്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണത്തെ 20 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്. ദുബായിയില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിംഗിനാണ് ഭാഗ്യം കൈവന്നത്. ഓഗസ്റ്റ് 12ന് വാങ്ങിയ 067757 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹത നേടിയത്. അബുദാബി ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസ് വിജയിയായ ദിപാങ്കര്‍ ഡെയ്യാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്.

സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ ഗുര്‍പ്രീത് സിംഗിനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. നറുക്കെടുപ്പ് കണ്ടില്ലായിരുന്നെന്ന് പറഞ്ഞ ഗുര്‍പ്രീത് താനാണ് ഗ്രാന്റ് പ്രൈസ് വിജയി എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൊണ്ട് ഒരു നിമിഷം സ്തംബ്ധനായി. ഈ വിജയം വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ബിഗ് ടിക്കറ്റിന് നന്ദി അറിയിക്കുകയും ചെയ്തു.

10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സ്ഥാനം ലഭിച്ച ബള്‍ഗേറിയയില്‍ നിന്നുള്ള റ്റാനിയ വിറ്റനോവ സ്വന്തമാക്കിയത്. 276402 എന്ന നമ്പറാണ് സമ്മാനം നേടികൊടുത്തത്. ഇന്ത്യക്കാരനായ സുബീഷ് മീത്തലെ കൊല്ലണ്ടവിട മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് അര്‍ഹനായി. 45247 ആണ് സുബീഷിനെ വിജയിയാക്കിയ ടിക്കറ്റ് നമ്പര്‍.

നാലാം സമ്മാനമായ 90,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള ബനിസദേര്‍ മൊയ്ദീന്‍ വാങ്ങിയ 167929 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള രോഹിത് ഡിസൂസയ്ക്കാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത്. 175198 ആണ് ടിക്കറ്റ് നമ്പര്‍. ഇന്ത്യക്കാരനായ അജയ് കുമാര്‍ വാങ്ങിയ 44561 എന്ന ടിക്കറ്റ് നമ്പറിനാണ് ആറാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചത്.

Exit mobile version