ക്രിമിനല്‍ കേസ് പ്രതി ബിജെപിയില്‍ ചേരാനെത്തി; പോലീസിനെ കണ്ടപ്പാടെ ഓടി രക്ഷപ്പെട്ടു, ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നുവെന്ന് ബിജെപി നേതൃത്വം

ചെന്നൈ: ബിജെപി അംഗത്വം എടുക്കാനെത്തിയ ക്രിമിനല്‍ കേസ് പ്രതി പോലീസിനെ കണ്ടപ്പാടെ ഓടിരക്ഷപ്പെട്ടു. 35ലെറെ കേസുകളില്‍ പ്രതിയാണ് സൂര്യ. ഇതില്‍ ആറ് കൊലക്കേസുകളും ഉള്‍പ്പെടുന്നുണ്ട്. സൂര്യ രക്ഷപ്പെട്ടെങ്കിലും പരിപാടിക്കെത്തിയ ഇയാളുടെ നാല് കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുഗന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലേക്കാണ് സൂര്യയും എത്തിയത്. ബിജെപിയില്‍ ചേരാനായി ഇയാള്‍ പരിപാടിക്കെത്തുമെന്ന് ചെങ്കല്‍പേട്ട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പോലീസ് എത്തിയതോടെ പരിപാടിക്കെത്തിയ സൂര്യ വന്ന കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.

അതേസമയം, പാര്‍ട്ടിയില്‍ ചേരാനെത്തുന്നവരുടെ പശ്ചത്താലമൊന്നും തനിക്കറിയില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന്റെ പ്രതികരണം. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റൊരാള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയതിനെ തമിഴ്‌നാട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സൂര്യയുടെയും അംഗത്വം സ്വീകരിക്കാന്‍ ഒരുക്കിയത്.

Exit mobile version