പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക്; സംസ്‌കാര ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് ഡല്‍ഹിയില്‍ നടക്കും. ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

അതേസമയം പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ആദരസൂചകമായി സെപ്റ്റംബര്‍ ആറു വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ഈ കാലയളവില്‍ രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

സംസ്ഥാനത്തും സെപ്റ്റംബര്‍ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബര്‍ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയര്‍ത്തിയിരിക്കുന്ന സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version