ഇങ്ങനെയെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കും: വിമര്‍ശിച്ച് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്ത 50 വര്‍ഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്.

കഴിഞ്ഞ കുറച്ച് ദശകങ്ങളായി പാര്‍ട്ടിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാകട്ടെ പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ മാറ്റം കൊണ്ടുവരാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് സംഘടനാ തെരഞ്ഞെടുപ്പാണ് വഴിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നടക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ആവശ്യത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ചിലര്‍ തോല്‍വി ഭയന്നാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. നാമനിര്‍ദ്ദേശത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളായവരാണ് അവര്‍. തന്റെ ആവശ്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടി ഭാരവാഹികള്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version