രാജ്യത്താകമാനം മുഹറം ഘോഷയാത്രയ്ക്ക് അനുമതി നല്‍കാനാകില്ല; സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്താകമാനം മുഹറം ഘോഷയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സുപ്രിംകോടതി. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രാദേശിക ഭരണകൂടത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. ലഖ്‌നൗവില്‍ ഘോഷയാത്ര അനുവദിക്കണമെന്ന് കാണിച്ച് ഹര്‍ജിക്കാരന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി വിധി. ഉത്തര്‍ പ്രദേശിലെ ഷിയാ നേതാവ് സയ്ദ് കല്‍ബേ ജാവദാണ് കോടതിയെ സമീപിച്ചത്.

രാജ്യത്ത് ആകമാനം ഘോഷയാത്രയ്ക്ക് അനുമതി നല്‍കിയാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. രോഗം പടര്‍ത്തിയെന്ന് പറഞ്ഞ് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുമെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി.

അയോധ്യ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രഥയാത്രയ്ക്ക് അനുമതി നല്‍കി. ജൈന ക്ഷേത്ര സന്ദര്‍ശനത്തിന് അനുമതി നല്‍കി. അതിനാല്‍ മുഹറം ഘോഷയാത്രയ്ക്കും അനുമതി നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. രണ്ട് പരിപാടികളും ഒരു സ്ഥലത്താണ് നടന്നത്. രാജ്യത്ത് ആകമാനം അല്ല നടന്നത്. സംസ്ഥാനങ്ങളുടെ വിശദീകരണം കേള്‍ക്കാതെ രാജ്യത്താകമാനമുള്ള ഘോഷയാത്രയ്ക്ക് അനുവാദം നല്‍കാന്‍ കഴിയില്ലെന്ന് ഹര്‍ജി പരിഗണിച്ച് കോടതി പറഞ്ഞു.

Exit mobile version