സെപ്തംബറില്‍ പരീക്ഷ നടന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകും; നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. അടുത്തമാസം പരീക്ഷ നടന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്നാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്. തുടര്‍ന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കല്‍ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ സമ്മര്‍ദ്ദം മൂലമാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജെഇഇ, നീറ്റ് പരീക്ഷകള്‍ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമര്‍ശം ഉയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിലൊരു വിശദീകരണം നല്‍കിയത്.

അതേസമയം നാളെ പതിനൊന്ന് മണിക്ക് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാകും പ്രതിഷേധം. ഓണ്‍ലൈന്‍ കാമ്പെയ്‌നും സംഘടിപ്പിക്കും. സ്പീക്ക് അപ്പ് ഫോര്‍ സ്റ്റുഡന്റ് സേഫ്റ്റി എന്ന പേരിലാണ് കാമ്പെയിന്‍ സംഘടിപ്പിക്കുക.

Exit mobile version