ഈ സർക്കാർ ഉദ്യോഗസ്ഥന്റെ അനധികൃത സമ്പത്ത് കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

1.5 കോടിയുടെ സ്വർണ്ണം, 84 കിലോ വെള്ളി, ഹാർലി ഡേവിഡ്‌സൺ അടക്കം വാഹനനിര; ഈ സർക്കാർ ഉദ്യോഗസ്ഥന്റെ അനധികൃത സമ്പത്ത് കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

ഹൈദരാബാദ്: 1.5 കോടി വില വരുന്ന 2.42 കി.ഗ്രാം സ്വർണം, 84 കി.ഗ്രാം വെള്ളി ആഭരണങ്ങൾ, 50 ലക്ഷത്തിനടുത്ത് പണം, വിലകൂടിയ വാഹനങ്ങളുടെ നീണ്ടനിര- ഇത് ഏതെങ്കിലും ബിസിനസുകാരന്റെ സമ്പാദ്യത്തെ കുറിച്ചല്ല പറഞ്ഞുവരുന്നത്. സാധാരണക്കാരെ പിഴിഞ്ഞ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അനധികൃതമായി സമ്പാദിച്ചുകൂട്ടിയതാണ് ഇവയൊക്കെ. ആന്ധ്രപ്രദേശിൽ ട്രഷറി വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് അധികൃതരേയും പൊതുജനത്തേയും ഞെട്ടിച്ച് കോടീശ്വരനായിരിക്കുന്നത്.

ഹാർലി ഡേവിഡ്‌സൻ മോട്ടോർ സൈക്കിൾ അടക്കം ആറ് വിലകൂടിയ ബൈക്കുകൾ, രണ്ട് കരിസ്മ മോട്ടോർ സൈക്കിൾ, മൂന്ന് ബുള്ളറ്റ്, രണ്ട് എസ്‌യുവി, നാല് ട്രാക്ടർ, രണ്ട് തോക്ക് എന്നിവയും ഇയാളുടെ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. പുറമെ, 15 ലക്ഷം രൂപ, 49 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം, 27 ലക്ഷം രൂപയുടെ വാഗ്ദത്തപത്രം, കുതിരകൾ എന്നിവയും പോലീസ് കണ്ടെത്തി. ട്രഷറി വകുപ്പിൽ സീനിയർ ഓഡിറ്ററായ, അനന്തപുർ ജില്ലയിലെ ബുക്കരയസമുദ്രം പ്രദേശത്തെ ഗജുല മനോജ്കുമാറാണ് കൈക്കൂലി വാങ്ങിച്ച് കോടീശ്വരനായത്.

ഇയാൾ സ്വത്ത് മാതാവിന്റേയും ഡ്രൈവറുടേയും പേരിലേക്ക് മാറ്റിയിരുന്നെന്ന് അഡീ. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാമകൃഷ്ണപ്രസാദ് വ്യക്തമാക്കി. വരുമാന വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് മാതാവിന്റെ ഉൾപ്പെടെയുള്ളവരുടെ പേരിലേക്കു മാറ്റിയത്. മറ്റൊരു സംഭവത്തിൽ റിയൽ എസ്‌റ്റേറ്റ് കമ്പനിയിൽനിന്ന് 1.25 കോടി രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ തഹസിൽദാറായ ഇർവ ബൽരാജു നാഗരാജുവിനെ പിടികൂടി.

തർക്കഭൂമിയുമായി ബന്ധപ്പെട്ട് രണ്ടുകോടിയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഗഡുക്കളായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കമ്പനി ഇയാളെ കുരുക്കുകയായിരുന്നു. ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇയാളെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

Exit mobile version