കൂട്ടുകുടുംബ വ്യവസ്ഥ തിരികെ കൊണ്ടുവരണം; ജനസംഖ്യാ വർധനവ് വികസനത്തിന് വെല്ലുവിളി: ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വർധനവ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ കൂടുതൽ ദുഷ്‌കരമാക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. കുടുംബാസൂത്രണത്തിന് ഏറെ പ്രസക്തിയുണ്ടെന്നും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഇക്കാര്യത്തിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും നിർദേശിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാർലമെന്റേറിയൻസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് തയ്യാറാക്കിയ രണ്ട് റിപ്പോർട്ടുകൾ പുറത്തിറക്കിക്കൊണ്ട് ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

ജനസംഖ്യയും വികസനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി മനസിലാക്കേണ്ടതുണ്ട്. 2036 ഓടെ രാജ്യത്തെ ജനസംഖ്യ 152 കോടിയായി വർധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയും നിരക്ഷരരുമാണ് ഇതെല്ലാം വികസനത്തിന് കടുത്ത വെല്ലുവിളിയാണ്.

രാജ്യത്ത് മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ സംവിധാനം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. മറ്റുരാജ്യങ്ങൾക്ക് മാതൃകയാണ് ആ സംവിധാനം. രാജ്യത്തെ സ്ത്രീ പുരുഷ അനുപാതം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടില്ലെങ്കിൽ രാജ്യത്തിന്റെ വികസനം തന്നെ തടസപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version