ബുലന്ദ്ഷഹര്‍ ആക്രമണം; വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അക്രമകാരികളുടെ പദ്ധതിയെന്ന് വിലയിരുത്തല്‍; അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കേസ് ആന്വേഷിക്കാനായി ആറ് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്

ബുലന്ദ്ഷഹര്‍; പോലീസ് ഉദ്യോഗസ്ഥന്‍ സുബോദ് സിംഗ് കൊല്ലപ്പെട്ട ബൂലന്ദ്ഷഹര്‍ ആക്രമണത്തില്‍ അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസ് ആന്വേഷിക്കാനായി ആറ് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സുബോദ് സിംഗ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ബജറംഗ് ബിജെപി വിഎച്ച്പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കലാപം ആസൂത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തബലീഗ് ജമാഅത്തിന്റെ സമ്മേളനത്തിനിടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അക്രമകാരികളുടെ പദ്ധതിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനായി പശുക്കളുടെ ജഡം കെട്ടിതൂക്കുകയായിരുന്നെന്നും പോലീസിന് സംശയമുണ്ട്.

2015ലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോദ് കുമാര്‍. അതിനാല്‍ ഈ സംഘര്‍ഷം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന ആരോപണങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മെച്ചപ്പെട്ട പെന്‍ഷന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Exit mobile version