കൂര്‍ക്കംവലി കാരണം ഉറക്കം തടസ്സപ്പെട്ടു; അച്ഛനെ ഉലക്ക കൊണ്ട് അടിച്ചു കൊന്ന് മകന്‍

ഉത്തര്‍പ്രദേശ്: കൂര്‍ക്കം വലിച്ചതിന് മകന്‍ അച്ഛനെ ഉലക്ക കൊണ്ട് അടിച്ചു കൊന്നു. ഇരുപത്തെട്ടു വയസ്സുള്ള നവീന്‍ എന്ന ആളാണ് അച്ഛന്‍ രാം സ്വരൂപിനെ (65) ഉലക്കകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി പിലിഭിത് ജില്ലയിലെ സോന്‍ധാ ഗ്രാമത്തിലാണ് സംഭവം നടന്നത്.

അച്ഛന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലി തന്റെ ഉറക്കം മുറിച്ചതാണ് ഉലക്ക കൊണ്ട് അടിയ്ക്കാന്‍ കാരണമെന്ന് മകന്‍ പോലീസിനോട് പറഞ്ഞു. ആദ്യം കൂര്‍ക്കം വലി കേട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രതി, തുടര്‍ന്നും കൂര്‍ക്കം വലിച്ചപ്പോള്‍ ഉലക്ക കൊണ്ട് അച്ഛന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഉലക്കയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. അടിയേറ്റ് തലക്ക് ഗുരുതരമായി പരിക്കേറ്റ രാം സ്വരൂപിനെ ഉടനടി അടുത്തുള്ള പുരണ്‍പുര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നവീന്റെ സഹോദരന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു മുമ്പും, കൂര്‍ക്കംവലിയുടെ പേരില്‍ നവീന്‍ അച്ഛനെ ശാരീരികമായി ആക്രമിച്ചതിന്റെ പേരില്‍ പരാതികള്‍ ഉണ്ടായിട്ടുണ്ട് എന്ന് സെറാമരു നോര്‍ത്ത് എസ്എച്ച്ഓ പുഷ്‌കര്‍ സിംഗ് പറഞ്ഞു.

Exit mobile version