കൊവിഡ് മാനദണ്ഡം ലംഘിച്ച് 90കാരിയ്‌ക്കൊപ്പം ഫോട്ടോ എടുത്തു; മുഹമ്മദ് ഹഫീസിനോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം

സതാംപ്ടണ്‍: കൊവിഡ് മാനദണ്ഡം ലംഘിച്ച് 90കാരിയ്‌ക്കൊപ്പം ഫോട്ടോ എടുത്തതിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസിനോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പാണ് താരത്തില്‍ നിന്ന് ചട്ട ലംഘനമുണ്ടായിരിക്കുന്നത്.

ബയോ സെക്യുര്‍ ബബിള്‍ ലംഘിച്ച് ഹോട്ടലില്‍ നിന്ന് ഏജസ് ബൗള്‍ സ്റ്റേഡിയത്തിനു പുറത്തുള്ള ഗോള്‍ഫ് ക്ലബ്ബില്‍ പോയ ഹഫീസ് അവിടെ നിന്ന് 90 വയസിലേറെ പ്രായമുള്ള ഒരു സ്ത്രീയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയുമായിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെട്ട പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തോടെ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അഞ്ചു ദിവസമാണ് താരം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

താരങ്ങളുടെ ആരോഗ്യത്തിനു സുരക്ഷയ്ക്കുമായി ഏര്‍പ്പെടുത്തിയ ബയോ സെക്യുര്‍ പ്രോട്ടോകോള്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എല്ലാവരെയും ഓര്‍മ്മപ്പെടുത്താന്‍ ഹഫീസിന്റെ ഈ പിഴവ് ഉപകരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ബുധനാഴ്ച താരത്തിന് കൊവിഡ് പരിശോധനയും നടത്തിയിരുന്നു.

Exit mobile version