കൊവിഡ് അതിവ്യാപനമുള്ള പത്ത് സംസ്ഥാനങ്ങൾ രോഗത്തെ പ്രതിരോധിച്ചാൽ ഇന്ത്യ വിജയിക്കും; രാജ്യത്തിന്റെ നടപടി ശരിയായ ദിശയിലെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം കൊവിഡിനെ നേരിടുന്നത് ശരിയായ ദിശയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് കോവിഡ് അതിവ്യാപനമുള്ള 10 സംസ്ഥാനങ്ങൾ രോഗബാധയെ പ്രതിരോധിച്ചാൽ ഇന്ത്യ വിജയിക്കുമെന്നുും മോഡി പറഞ്ഞു. കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനം ഈ 10 സംസ്ഥാനങ്ങളിലും 80 ശതമാനത്തിലധികം ഉണ്ടായിട്ടുണ്ട്. ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ കൊവിഡ് പരിശോധന ത്വരിതപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മരണനിരക്കിലുള്ള കുറവും ഉയർന്ന രോഗമുക്തി നിരക്കും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ രാജ്യം സ്വീകരിച്ച നടപടികൾ ശരിയായ ദിശയിലുളളതാണെന്നാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളാക്കൽ, കോൺടാക്റ്റ് ട്രെയ്‌സിംഗ്, നിരീക്ഷണത്തിലിരിക്കൽ എന്നിവ കൊവിഡിനെതിരായ ഏറ്റവും ഫലപ്രദമായ ആയുധങ്ങളാണ് എന്നതാണ് ഇതുവരെയുള്ള അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മുഴുവൻ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ഓരോ സംസ്ഥാനവും വഹിക്കുന്ന വഹിക്കുന്ന പങ്കും പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിക്ക് രോഗമുണ്ടായോ എന്നറിയാൻ 72 മണിക്കൂറിനുള്ളിൽ രോഗനിർണയം നടത്താൻ സാധിച്ചാൽ കോവിഡ് വ്യാപനം വലിയ അളവിൽ നിയന്ത്രിക്കാൻ സാധിക്കുമെന്നും രാജ്യത്തെ പരിശോധനാ നിരക്ക് പ്രതിദിനം 7 ലക്ഷമാക്കി ഉയർത്താൻ സാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തു. കർണാടക മുഖ്യമന്ത്രി കൊവിഡ് ബാധിതനായതിനാൽ ഉപമുഖ്യമന്ത്രിയാണ് പ്രതിനിധീകരിച്ചത്. യോഗത്തിൽ മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു.

Exit mobile version