മരിച്ചുപോയ ഭാര്യയുടെ സ്വപ്‌നമായ വീട് നിര്‍മ്മിച്ചു; വീട്ടില്‍ ഭാര്യയുടെ സാന്നിധ്യത്തിനായി അതേ രൂപത്തില്‍ പ്രതിമ നിര്‍മ്മിച്ച് ശ്രീനിവാസ മൂര്‍ത്തി

പുതിയ വീടിന്റെ പാലുക്കാച്ചല്‍ ചടങ്ങിന് മരിച്ചുപോയ ഭാര്യയുടെ സാന്നിധ്യം കൂടി ഉണ്ടാകുവാന്‍ ഭാര്യയുടേ അതേ രൂപത്തില്‍ പ്രതിമ നിര്‍മ്മിച്ച് ശ്രീനിവാസ മൂര്‍ത്തി. കര്‍ണാടകത്തില്‍ നിന്നുള്ള വ്യവസായി ആണ് ശ്രീനിവാസ മൂര്‍ത്തി. ആഗസ്ത് 8നായിരുന്നു പുതിയ വീട്ടിലെ ചടങ്ങ്.

സ്വീകരണമുറിയില്‍ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് ഒരുനിമിഷം അതിഥികള്‍ അന്ധാളിച്ചു. മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്ന് സംശയിച്ചു. എന്നാല്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ‘വ്യക്തി’ ഇരുന്നിടത്ത് നിന്നും അനങ്ങുന്നില്ലെന്ന് തിരച്ചറിഞ്ഞതോടെ അതൊരു പ്രതിമയില്‍ തീര്‍ത്തതാണെന്ന് വ്യക്തമാവുകയായിരുന്നു.

മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണ് ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവി അപകടത്തില്‍ മരിക്കുന്നത്. ഭാര്യയുടെ മരണം കുടുംബത്തെ തകര്‍ത്തു. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂര്‍ത്തി വീട് പണിതത്.

എന്നാല്‍ അത്രമാത്രം പോര ഭാര്യയെ എന്നും ഓര്‍ക്കാന്‍ എന്തെങ്കിലും പ്രത്യേകത വീട്ടില്‍ വേണമെന്ന് തോന്നി. ആ ആഗ്രഹമാണ് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ നിര്‍മിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂര്‍ണ്ണതയാണ് പ്രതിമയ്ക്കുള്ളത്.

Exit mobile version