നാലുമാസമായി വിശ്രമമില്ലാതെ കൊവിഡ് പോരാട്ടത്തിൽ മുൻപന്തിയിൽ; ഒടുവിൽ കൊവിഡിന് കീഴടങ്ങി ഡോക്ടർ അഷ്‌റഫ്

ശ്രീനഗർ: രോഗവ്യാപനത്തിന്റെ തുടക്കം മുതൽ കാശ്മീരിൽ കൊവിഡ് പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഡോക്ടറുടെ ജീവൻ കവർന്ന് കൊവിഡ് 19. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ഡോക്ടർ ഡോ. മുഹമ്മദ് അഷ്‌റഫ് മിർ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ നാല് മാസമായി കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ മുൻ നിരയിൽ നിന്നയാളാണ് അഷ്‌റഫ് എന്ന് അധികൃതർ പ്രതികരിച്ചു.

അഷ്‌റഫിന്റെ സ്രവ സാമ്പിൾ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ശ്രീനഗറിലെ ഷേർ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ച് ഇന്ന് രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുഹമ്മദ് അഷ്‌റഫിന്റെ മരണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

നേരത്തെ, ഡൽഹിയിലെ നാഷണൽ ഹെൽത്ത് മിഷനിലെ ഡോ. ജാവേദ് അലിയും ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ജോഗീന്ദർ ചൗധരിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരുവരുടെയും കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി വീതം നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.

Exit mobile version