ഇന്ന് 674 പേര്‍ക്ക് രോഗം, 972 പേര്‍ക്ക് രോഗമുക്തി; ആശ്വാസത്തില്‍ ഡല്‍ഹി, അഭിമാനിക്കുന്നുവെന്ന് കെജരിവാളും, പക്ഷേ വൈറസ് വ്യാപനം പ്രവചനാതീതം

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹിക്ക് ആശ്വാസ ദിനങ്ങള്‍. രോഗികളുടെ എണ്ണം കുറഞ്ഞ് വരികയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടി വരുന്നതാണ് ഇപ്പോള്‍ രാജ്യതലസ്ഥാനത്തിന് ആശ്വാസാവഹമാകുന്നത്. 674 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10,000ത്തില്‍ താഴെ എത്തുകയും ചെയ്തു. നിലവില്‍ 9,897 ആണ് നിലവില്‍ ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്ന് 972 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 5,000ത്തില്‍ അധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതേസമയം, 12 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.

അതിനിടെ, രോഗവ്യാപനം കുറഞ്ഞതില്‍ ഡല്‍ഹിക്കാരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് പ്രതികരണം. അതേസമയം, വൈറസ് വ്യാപനം പ്രവചനാതീതമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.. ഒരു മാസംകൂടി കഴിയുമ്പോള്‍ ഡല്‍ഹിയിലെ സ്ഥിതി ഏത് വിധത്തിലായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. വാക്സിന്‍ ലഭ്യമാകുംവരെ മാസ്‌ക് ധരിക്കലും, സാമൂഹ്യ അകലം പാലിക്കലും, ശുചിത്വവും കര്‍ശനമായി പാലിക്കണമെന്നും കെജരിവാള്‍ നിര്‍ദ്ദേശിച്ചു.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ;

‘നിലവില്‍ ഡല്‍ഹിയിലെ ആക്ടീവ് കേസുകള്‍ 10,000ത്തില്‍ താഴെയാണ്. ആക്ടീവ് കേസുകളുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ഡല്‍ഹി ഇപ്പോള്‍. മരണവും 12 ലേക്ക് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹിക്കാരെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ ഡല്‍ഹി മോഡല്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍, അലംഭാവം കാട്ടരുതെന്നും കൊവിഡിനെതിരെ എല്ലാ മുന്‍കരുതലും സ്വീകരിക്കണം’ അദ്ദേഹം ട്വീറ്റ് ചെയ്തു.

Exit mobile version