കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു, ചെറിയ ലക്ഷണങ്ങള്‍ മാത്രം, വീട്ടില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് കോവിഡ് 19 വൈറസ് ബാധിച്ച വിവരം അറിയിച്ചത്.

കോവിഡ് പരിശോധനാഫലം പോസിറ്റീവായെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അടുത്തിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത്ഷായെ ഗുഡ്ഗാവിലെ മേദാന്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അമിത് ഷായ്ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. അതേസമയം അമിത് ഷായില്‍ നിന്ന് മറ്റുളളവരിലേക്ക് രോഗബാധയുണ്ടായോ എന്ന ആശങ്കയേറുന്നുമുണ്ട്. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.

Exit mobile version