ഹോട്ടലുകളും ചന്തകളും തുറക്കേണ്ടതില്ല; കെജരിവാള്‍ സര്‍ക്കാരിന്റെ മൂന്നാംഘട്ട അണ്‍ലോക്കിലെ തീരുമാനത്തില്‍ വെട്ടിത്തിരുത്തലുകളുമായി ലഫ്. ഗവര്‍ണര്‍

ന്യൂഡല്‍ഹി: കെജരിവാള്‍ സര്‍ക്കാരിന്റെ മൂന്നാംഘട്ട അണ്‍ലോക്കിലെ തീരുമാനത്തില്‍ വെട്ടിത്തിരുത്തലുകളുമായി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈയ്ജാല്‍. രണ്ട് തീരുമാനങ്ങളാണ് തല്‍ക്കാലം വേണ്ടതില്ലെന്ന് ഗവര്‍ണര്‍ തീരുമാനം അറിയിച്ചത്. മൂന്നാംഘട്ട അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ഡല്‍ഹിയിലെ ഹോട്ടലുകളും ചന്തകളും തുറക്കാനുള്ള തീരുമാനത്തിനാണ് ഗവര്‍ണര്‍ തടഞ്ഞത്.

ശനിയാഴ്ച മുതല്‍ ഹോട്ടലുകള്‍ തുറക്കാനും ആഴ്ചച്ചന്തകള്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കാനുമുള്ള തീരുമാനങ്ങളാണ് കെജരിവാള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച മാത്രം 1,195 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ പുതുതായി സ്ഥിരീകരിച്ചത്.

ഇതുവരെ 1.35 ലക്ഷം പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,963 പേരും ഡല്‍ഹിയില്‍ മരണപ്പെട്ടു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുന്നത് പരിഗണിച്ചാണ് അണ്‍ലോക്ക് പ്രക്രിയ വേഗത്തിലാക്കാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

Exit mobile version