എച്ച്‌ഐവി ബാധയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മൂന്നു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ യുവതിയ്ക്ക് നീതി, ജോലിയില്‍ ഉടന്‍ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ജോലിയുടെ ഭാഗമായി 2015-ല്‍ മെഡിക്കല്‍ രേഖകള്‍ യുവതി കമ്പനിയില്‍ ഹാജരാക്കിയിരുന്നു.

പൂനെ: എച്ച്‌ഐവി ബാധിതയായതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിയ്ക്ക് മൂന്നു വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ നീതി. യുവതിയെ തിരികെ അതേ സ്ഥാപനത്തില്‍ അതേ ജോലിയില്‍ ഉടന്‍ തന്നെ തിരിച്ചെടുക്കാന്‍ പൂനെയിലെ ലേബര്‍ കോടതി ഉത്തരവ് ഇറക്കി. പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു യുവതി.

ജോലിയുടെ ഭാഗമായി 2015-ല്‍ മെഡിക്കല്‍ രേഖകള്‍ യുവതി കമ്പനിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖകളില്‍ നിന്ന് യുവതി ഒരു എച്ച്‌ഐവി രോഗിയാണെന്ന് മനസ്സിലാക്കിയ കമ്പനി അപ്പോള്‍ തന്നെ ജോലി രാജിവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഈ പോരാട്ടത്തിലാണ് യുവതിയ്ക്ക് നീതി ലഭിച്ചത്.

‘ഭര്‍ത്താവില്‍ നിന്നാണ് തനിക്ക് രോഗം പിടിപ്പെട്ടതെന്ന് കമ്പനി അധികൃതരോട് പറഞ്ഞു. എന്നാല്‍ അത് വകവെക്കാതെ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു’- യുവതി പറഞ്ഞു. ജോലിയില്‍ പ്രവേശിച്ചതിന് ശേഷം മൂന്ന് മാസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ലീവെടുത്തിരുന്നുവെന്നും പിരിച്ച് വിടാന്‍ ഇതും ഒരു കാരണമാണെന്നും യുവതി പറയുന്നു.

യുവതി സ്വമേധയ രാജിവെക്കുകയായിരുന്നുവെന്നാണ് കമ്പനി പറഞ്ഞതെന്നും എന്നാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് എല്ലാ വേദനവും നല്‍കി കൊണ്ടു തന്നെ അവരെ തിരിച്ചെടുത്തായി കമ്പനി അറിയിച്ചെന്നും യുവതിയുടെ അഭിഭാഷകന്‍ വിശാല്‍ ജാദവ് അറിയിച്ചു. യുവതിയുടെ ഭാര്‍ത്താവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എച്ച്‌ഐവി ബാധിച്ച് മരിച്ചിരുന്നു.

Exit mobile version