‘അവര്‍ക്ക് വേണ്ടത് കാളയല്ല, ട്രാക്ടറാണ്’; പാടം ഉഴുതുമറിക്കാന്‍ കാളകളില്ലാതെ കഷ്ടപ്പെട്ട കര്‍ഷകന് ട്രാക്ടര്‍ അയച്ചു നല്‍കി സോനു സൂദ്

മുംബൈ: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയ ബോളിവുഡ് താരമാണ് സോനു സൂദ്. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം വീട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പാടം ഉഴുതുമറിക്കാന്‍ കാളകളില്ലാതെ കഷ്ടപ്പെട്ട കര്‍ഷകന് ട്രാക്ടര്‍ അയച്ചു നല്‍കിയിരിക്കുകയാണ് താരം. താരം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വി നാഗേശ്വര റാവു എന്നയാള്‍ക്കാണ് സഹായവുമായി സോനു രംഗത്തെത്തിയിരിക്കുന്നത്. ‘ഈ കുടുംബത്തിന് ഇപ്പോള്‍ ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും’ എന്നാണ് സോനു ട്വീറ്റ് ചെയ്തിരിക്കുന്നത്.

കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ പാടം ഉഴുത കര്‍ഷകന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ചായക്കട നടത്തുകയായിരുന്നു വി നാഗേശ്വര റാവുവിന്റെയും മക്കളുടെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ചായക്കടയില്‍ നിന്നും കിട്ടുന്ന വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന റാവുവിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. ഇതോടെ വരുമാനവും നിലച്ചു. തുടര്‍ന്നാണ് നിലക്കടല കൃഷി ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ നിലം ഉഴുത് മറിക്കാന്‍ കാളകളെ വാങ്ങാനോ ജോലിക്കാരെ നിര്‍ത്താനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇതോടെയാണ് തന്റെ രണ്ട് പെണ്‍മക്കളുടെ സഹായത്തോടെ നിലം ഉഴാന്‍ തുടങ്ങിയത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായത്.

Exit mobile version