‘ഒരു സാധാരാണ ജലദോഷം പോലെയൊക്കെയേ ഇതും ഉള്ളൂ, ആവശ്യമില്ലാത്ത ഭയം വേണ്ട’; കൊവിഡിനെ അതിജീവിച്ച നൂറുവയസുകാരി

ബെല്ലാരി: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 എന്ന മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിനവും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ആശങ്കയും വര്‍ധിക്കുകയാണ്. എന്നാല്‍ ഈ മഹാമാരിയെ അതിജീവിച്ചവര്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അത്തരത്തില്‍ കൊവിഡിനെ അതിജീവിച്ച ഒരു മുത്തശ്ശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ബെല്ലാരി സ്വദേശിയായ ഹല്ലമ്മ എന്ന നൂറുവയസുകാരയാണ് തന്റെ കൊവിഡ് അനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്.

ഈ മുത്തശ്ശിയുടെ അഭിപ്രായത്തില്‍ കൊവിഡ് ഒരു സാധാരാണ ജലദോഷം പോലെയൊക്കെയേ ഉള്ളുവെന്നാണ്. ‘ഡോക്ടര്‍മാര്‍ എന്നെ വളരെ നല്ല രീതിയിലാണ് പരിചരിച്ചത്. മരുന്നും ഇന്‍ജെക്ഷനുമൊക്കെ ഉണ്ടായിരുന്നു. ഭക്ഷണം കൃത്യമായി കഴിച്ചിരുന്നു. പതിവായി കഴിക്കുന്ന ഭക്ഷണത്തിന് പുറമേ ദിവസവും ഓരോ ആപ്പിള്‍ വീതവും കഴിച്ചിരുന്നു. ഇപ്പോള്‍ രോഗം പൂര്‍ണ്ണമായും ഭേദമായി. വളരെ ആരോഗ്യവതിയായാണ് ഞാനിരിക്കുന്നത്. ഒരു സാധാരാണ ജലദോഷം പോലെയൊക്കെയേ ഇതും ഉള്ളൂ. ആവശ്യമില്ലാത്ത ഭയം വേണ്ട’ എന്നാണ് ഈ മുത്തശ്ശി പറഞ്ഞിരിക്കുന്നത്.

ഹല്ലമ്മയുടെ മകനും മരുമകള്‍ക്കും പേരക്കുട്ടിക്കുമെല്ലാം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മകന്‍ നാട്ടില്‍ തന്നെ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന് അവിടെ നിന്നുമാണ് വൈറസ് ബാധയുണ്ടായത് എന്ന നിഗമനത്തിലാണ് അധികൃതര്‍. ജൂലൈ പതിനാറോടെയാണ് ഹല്ലമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും വീട്ടില്‍ വച്ചുതന്നെയായിരുന്നു ചികിത്സ നല്‍കിയിരുന്നത്. നിലവില്‍ ഹല്ലമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെയെല്ലാം കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Exit mobile version