താപനില പരിശോധിച്ച്, സാനിറ്റൈസർ ഉപയോഗിച്ചാൽ മാത്രം പ്രവേശനം; പിപിഇ കിറ്റ് ധരിച്ച് സദ്യ വിളമ്പൽ; സാമൂഹിക അകലം പാലിച്ച് ഊണു മേശ; കൊവിഡ് കാലത്തെ വ്യത്യസ്തമായ വിവാഹാഘോഷം

ഹൈദരാബാദ്: വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വിലക്കും നിയന്ത്രണങ്ങളുമുണ്ട്. ആളുകൾ കൂടിച്ചേരാതിരിക്കാനായി പലയിടത്തും 20 ആളുകളിൽ കൂടുതൽ പേർ ഒരു ചടങ്ങിലും സംബന്ധിക്കാൻ അനുവാദവും ഇല്ല. അതേസമയം, സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പടെയുള്ള പ്രോട്ടോക്കോൾ അനുസരിച്ച് വിവാഹാഘോഷം നടത്തി അമ്പരപ്പിച്ചിരിക്കുകയാണ് ആന്ധ്രയിലെ ഒരു വിവാഹവേദി.

സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകൾ, ഭക്ഷണം വിളമ്പാൻ പിപിഇ കിറ്റുധരിച്ച കാറ്ററിങ് ജീവനക്കാർ, പ്രവേശന കവാടത്തിൽ സാനിറ്ററൈസറും ശരീരത്തിന്റെ താപനില പരിശോധിക്കലും ഉൾപ്പടെയുള്ളവയാണ് ഈ വിവാഹച്ചടങ്ങിന് ഒരുക്കിയത്. ജൂലായ് 22ന് ആന്ധ്രയിൽ നടന്ന ഒരു വിവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിൽ ലോക്ക്ഡൗണിന് ശേഷം മൂന്നുമാസം കഴിഞ്ഞ് ആദ്യമായി ലഭിച്ച വിവാഹസദ്യയുടെ ഓർഡർ കോട്ടി കാറ്റേഴ്‌സ് കൊവിഡ് കാലത്തിന് അനുസൃതമായി തന്നെ ഒരുക്കുകയും വിളമ്പുകയുമായിരുന്നു.

150-200 പേർക്കുളള സദ്യ ഒരുക്കാൻ ആവശ്യപ്പെട്ട വീട്ടുകാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സദ്യയെന്നും നിർബന്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാറ്ററിങ് ജീവനക്കാരോട് പിപിഇ കിറ്റുകൾ ധരിക്കാൻ ആവശ്യപ്പെട്ടതും ഓർഡർ നൽകിയ വീട്ടുകാർ തന്നെ. 12 പേരാണ് ഭക്ഷണം വിളമ്പുന്നതിനായി പിപിഇ കിറ്റ് ധരിച്ച് എത്തിയത്. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇവരുടെയും ശരീര താപനില പരിശോധിച്ചിരുന്നു. സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാനദണ്ഡങ്ങൾ ഒന്നും തെറ്റിക്കാതെ ആയിരുന്നു വിവാഹം.

അതേസമയം, രാജ്യത്ത് കോവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിൽ അഞ്ചാംസ്ഥാനത്താണ് ആന്ധ്ര. സംസ്ഥാനത്ത് ആഘോഷപരിപാടികൾ നടത്തുന്നതിന് മുമ്പായി തഹസിൽദാരുടെ അനുവാദം വാങ്ങിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്.

Exit mobile version