കുഞ്ഞ് ഡൽഹിയിൽ ചികിത്സയിൽ; അമ്മയുടെ പാലെത്തിക്കുന്നത് ആയിരം കിലോമീറ്റർ അകലെ നിന്നും വിമാനത്തിൽ; എന്നും സൗജന്യമായി പാലെത്തിച്ച് വിമാനക്കമ്പനിയും; നന്മയുടെ മാതൃക

ന്യൂഡൽഹി: ആയിരം കിലോമീറ്റർ അകലെയുള്ള ലേയിൽ ഇരുന്നുകൊണ്ട് ഡൽഹിയിലുള്ള കുഞ്ഞിന് ഈ അമ്മ എന്നും പാലൂട്ടുന്നുണ്ട്. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവജാത ശിശുവിനു വേണ്ടി അമ്മിഞ്ഞ പാൽ ദിനവും വിമാനത്തിൽ എത്തിച്ച് സ്വകാര്യവിമാനക്കമ്പനിയാണ് ഈ അത്ഭുതത്തിന് കാരണമാകുന്നത്. എന്നുമുള്ള വിമാന സർവീസിൽ ലേയിൽ നിന്നും ഡൽഹിയിലേക്ക് പാലെത്തിക്കുന്നുണ്ട്. അന്നനാളത്തിന് ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന്റെ ആരോഗ്യം പരിഗണിച്ചാണ് ലേയിൽ കഴിയുന്ന അമ്മയുടെ മുലപ്പാൽ പെട്ടികളിലാക്കി സ്വകാര്യ വിമാനത്തിൽ എത്തിക്കുന്നത്. കുഞ്ഞിന്റെ പിതാവ് ജിക്‌മെറ്റ് വാങ്ഡസും ബന്ധുവും എല്ലാ ദിവസവും ഡൽഹി വിമാനത്താവളത്തിലേക്ക് എത്തി പാലടങ്ങിയ കണ്ടെയ്‌നർ ഏറ്റുവാങ്ങും. ഇതൊരു അസാധാരണ സംഭവമായതുകൊണ്ടു തന്നെ വിമാനക്കമ്പനി പണം ഈടാക്കുന്നുമില്ല.

ജൂൺ 16ന് ലേയിലെ സോനം നുർബൂ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ പിറന്ന കുഞ്ഞിന് പിന്നീട് പാലുകുടിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് അന്നനാളത്തിലെ ശസ്ത്രക്രിയ ആവശ്യമായി വന്നത്. പാലുകുടിക്കാനാവാതെ കരഞ്ഞ കുട്ടിക്ക് അന്നനാളത്തിൽ അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ മാതൃസഹോദരൻ ജിഗ്മത് ഗ്യാൽപോ ലേയിൽനിന്ന് ഫ്‌ളൈറ്റിൽ കുഞ്ഞിനെ ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. ജൂൺ 18 മുതൽ കുഞ്ഞ് ഡൽഹിയിലും അമ്മ ലേയിലും തുടരുകയാണ്. മൈസൂരിലായിരുന്ന കുഞ്ഞിന്റെ പിതാവ് ജിക്‌മെറ്റ് വാങ്ഡസും ഡൽഹിയിലേക്ക് എത്തി.

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. ശസ്ത്രക്രിയ നടത്തുമ്പോൾ കുഞ്ഞിന് നാല് ദിവസം മാത്രമായിരുന്നു പ്രായം. ശസ്ത്രക്രിയ കഴിഞ്ഞയുടനെ ട്യൂബ് വഴിയായിരുന്നു കുഞ്ഞിന് വേണ്ട പോഷകമെത്തിച്ചത്. അമ്മിഞ്ഞപ്പാൽ കുഞ്ഞിന് അത്യാവശ്യമായതിനാൽ തന്നെ ആയിരം കിലോമീറ്റർ അകലെ നിന്നാണെങ്കിലും കുഞ്ഞിന് അമ്മയുടെ പാൽ തന്നെ എത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

ഫ്‌ളൈറ്റ് മാർഗ്ഗം ഒന്നേകാൽ മണിക്കൂർ മതി ഡൽഹിയിൽ നിന്നും ലേയിലേക്ക്. അതുകൊണ്ടുതന്നെ ജൂൺ അവസാന വാരം മുതൽ പാൽ സ്വകാര്യവിമാനത്തിലെത്തിക്കാൻ ആരംഭിച്ചു. ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ എത്തി കുഞ്ഞിന്റെ അച്ഛനോ അമ്മാവനോ പെട്ടി കൈപ്പറ്റും. ഓരോ പെട്ടിയിലും 60 മില്ലി ശേഷിയുള്ള ഏഴ് കണ്ടെയ്‌നറുകളാണുള്ളത്. എല്ലാ ദിവസവും പെട്ടികൾ തിരിച്ച് ലേയിലേക്ക അയക്കുകയും ചെയ്യും-വാങ്ഡസ് പറയുന്നു. റിഗ്‌സിൻ വാങ്ചുക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ വെള്ളിയാഴ്ചയോടെ കുഞ്ഞിനെ അമ്മയുടെ അരികിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

Exit mobile version