ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കൊവിഡ് ട്രേസിങ് ആപ്പെന്ന നേട്ടം സ്വന്തമാക്കി ആരോഗ്യസേതു ആപ്പ്

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കൊവിഡ് ട്രേസിങ് ആപ്പെന്ന നേട്ടം സ്വന്തമാക്കി ആരോഗ്യസേതു ആപ്പ്. സെന്‍സര്‍ ടവറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഏപ്രില്‍ മാസത്തിലാണ് ആപ്പ് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തത്. 8.08 കോടി പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

ജൂലായ് മാസത്തിലെ കണക്ക് അനുസരിച്ച് ഇതുവരെ 12.76 കോടിയിലധികം പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്ലിക്കേഷന്‍ ആരോഗ്യ സേതു ആണെങ്കിലും പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ആരോഗ്യസേതുവിന്റെ സ്ഥാനം നാലാമതാണ്. ഓസ്ട്രേലിയയിലെ കൊവിഡ്സേഫ് ആപ്ലിക്കേഷനാണ് പ്രായോഗികതലത്തില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്. 45 ലക്ഷം പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 21.6 ശതമാനമാണിത്. രണ്ടാം സ്ഥാനത്ത് തുര്‍ക്കിയും മൂന്നാം സ്ഥാനത്ത് ജര്‍മനിയുമാണ്. ആരോഗ്യസേതു ആപ്പ് ഇന്ത്യന്‍ ജനസംഖ്യയുടെ 12.5 ശതമാനം മാത്രമാണ് ഫലപ്രദമായി ഉപയോഗിക്കുന്നത്.

ജര്‍മ്മനി, ഓസ്‌ട്രേലിയ, തുര്‍ക്കി, ഇന്ത്യ, ഇറ്റലി, പെറു, ജപ്പാന്‍, സൗദി അറേബ്യ, ഫ്രാന്‍സ്, ഇന്തോനേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നീ പതിനാല് രാജ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. 190 കോടിയാളുകള്‍ അവരുടെ സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് ട്രേസിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലും അതില്‍ 17.3 കോടിയാളുകള്‍ മാത്രമാണ് അതിന്റെ സജീവ ഉപയോക്താക്കള്‍. അതേസമയം കൊവിഡ് ട്രേസിങ് ആപ്പുകളുടെ ജനകീയത അത് ഫലപ്രദമാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഡൗണ്‍ലോഡുകളില്‍ ആരോഗ്യ സേതു മുന്നിലാണെങ്കിലും വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും.

Exit mobile version