ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വര്‍ധനവ്; കയറ്റുമതി ചെയ്തത് 359 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 23 ശതമാനം ഉയര്‍ന്ന് 359 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് ജൂണ്‍ മാസത്തില്‍ കയറ്റുമതി ചെയ്തത്. ഏകദേശം 2690 കോടിയോളം വരുമിത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 292 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ തൈലങ്ങള്‍ തുടങ്ങിയവയാണ് കയറ്റി അയച്ച പ്രധാന ഉല്‍പ്പന്നങ്ങള്‍. അമേരിക്ക, യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ, യുഎഇ, ഇറാന്‍, സിങ്കപ്പൂര്‍, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവ പ്രധാനമായും കയറ്റി അയച്ചത്.

അതേസമയം രാജ്യത്ത് നിന്നും ജൂണ്‍ മാസത്തില്‍ നടത്തിയ കയറ്റുമതിയുടെ ആകെ മൂല്യം 21.91 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇത് 25.01 ബില്യണ്‍ ഡോളറായിരുന്നു. ഇത്തവണ 12.41 ശതമാനത്തിന്റെ ഇടിവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Exit mobile version