‘കൊറോണയ്‌ക്കൊപ്പം ജീവിക്കേണ്ട ഘട്ടത്തിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നത്, ആരും ഭയപ്പെടേണ്ടതില്ല, എന്നാല്‍ ജാഗ്രത കൈവിടരുത്’; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു

തെലങ്കാന: കൊറോണയ്‌ക്കൊപ്പം ജീവിക്കേണ്ട ഘട്ടത്തിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ജനങ്ങള്‍ വൈറസ് ബാധയെ കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

‘കൊറോണയ്‌ക്കൊപ്പം ജീവിക്കേണ്ട ഘട്ടത്തിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നത്. ആരും അതിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. എന്നാല്‍ ജാഗ്രത കൈവിടരുത്, വ്യക്തി ശുചിത്വം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുക. സാനിട്ടൈസര്‍ ഉപയോഗിക്കുക, കഴിയുന്നതും വീട്ടില്‍ തന്നെ തുടരാന്‍ ശ്രമിക്കുക’ എന്നാണ് ചന്ദ്രശേഖര്‍ റാവു പറഞ്ഞത്.

അതേസമയം കൊവിഡ് ബാധിതര്‍ സ്വകാര്യ ആശുപത്രികളില്‍ പോയി വന്‍തുക ചെലവഴിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ചികിത്സകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര രോഗികള്‍ക്ക് വേണമെങ്കിലും ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍ക്കാന്‍ ആശുപത്രികളില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഹൈദരാബാദില്‍ മാത്രം ഓക്‌സിജന്‍ വിതരണ സംവിധാനത്തോടു കൂടിയ 3000 കിടക്കകളാണ് ഗാന്ധി, ടിംസ് ആശുപത്രികളില്‍ തയ്യാറാക്കിയിരിക്കുന്നത്. ഓക്‌സിജന്‍ സംവിധാനമുള്ള 5000 കിടക്കകള്‍ സംസ്ഥാനത്ത് സദാ സജ്ജമാണെന്നും കൊവിഡ് രോഗികള്‍ക്കായി ആയിരം കിടക്കള്‍ വേറെയുമുണ്ടെന്നും അതുപോലെ തന്നെ 1500 വെന്റിലേറ്ററും തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് മരുന്നുകളുടെയോ ഉപകരണങ്ങളുടെയോ ദൗര്‍ലഭ്യമില്ലെന്നും ഡോക്ടര്‍മാരും ഉദ്യോസ്ഥരും മികച്ച സേവനമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version