ജൂലായ് 31നു ശേഷം സിനിമാ തീയ്യേറ്ററുകളും ജിമ്മുകളും; അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിച്ചേക്കും

ന്യൂഡല്‍ഹി: ജൂലായ് 31 നു ശേഷം രാജ്യത്തെ സിനിമാ തീയ്യേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. ഇതിനു പുറമെ, അന്താരാഷ്ട്ര വിമാന സര്‍വീസുകളും തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തീയ്യേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല.

15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തീയ്യേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും പ്രത്യേകം നിര്‍ദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കും സീറ്റുകള്‍ ക്രമീകരിക്കുക. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടത് എങ്ങനെയന്നതിനെ കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചനയിലുള്ളത്.

പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. അതേസമയം, രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല. ഓരോരുത്തരും അവരവരുടെ ചെലവില്‍ പരിശോധന നടത്തേണ്ടതുണ്ട്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും.

Exit mobile version