’20 ആംബുലന്‍സും 100 വെന്റിലേറ്ററുകളും’ വീണ്ടും സഹായഹസ്തവുമായി ടാറ്റാ മോട്ടോഴ്‌സ്, ഒപ്പം പത്ത് കോടി രൂപയും

മുംബൈ: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സഹായഹസ്തവുമായി ടാറ്റ മോട്ടേഴ്‌സ്. മഹാരാഷ്ടട്രയിലെ ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്(ബിഎംസി) ടാറ്റയുടെ പുതിയ 20 വിങ്ങര്‍ ആംബുലന്‍സുകളാണ് നല്‍കിയത്.

ആംബുലന്‍സുകള്‍ക്ക് പുറമെ, ബിഎംസിയിലെ വിവിധ ആശുപത്രികള്‍ക്കായി 100 വെന്റിലേറ്ററുകളും ടാറ്റ സണ്‍സ് നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ, 10 കോടി രൂപയുടെ ധനസഹായവും ടാറ്റ കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ ടാറ്റ മോട്ടോഴ്സ് കൈമാറിയത്.

ടാറ്റ മോട്ടോഴ്സ് 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ വിങ്ങറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ആംബുലന്‍സാണ് നല്‍കിയത്. ബിഎസ്-6 എന്‍ജിന്‍ കരുത്തേകുന്ന ഈ പുതിയ മോഡല്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആംബുലന്‍സിന്റെ ആദ്യ ബാച്ചിലെ വാഹനങ്ങളാണ് സര്‍ക്കാരിന് കൈമാറിയതെന്നാണ് വിവരം.

പേഷ്യന്റ് സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്, ഷെല്‍ എന്നീ നാല് വിഭാഗങ്ങളിലായുള്ള 20 ആംബുലന്‍സുകളാണ് നല്‍കിയത്. മുന്‍തലമുറ വിങ്ങര്‍ ആംബുലന്‍സിനെക്കാള്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതും എഐഎസ് 125 നിര്‍ദേശങ്ങള്‍ പാലിച്ചുമാണ് പുതിയ വിങ്ങര്‍ ആംബുലന്‍സ് എത്തിയിട്ടുള്ളത്.

Exit mobile version