കിലുങ്ങുന്ന കൊലുസ് ഇട്ടാല്‍ ആണ്‍കുട്ടികളുടെ ശ്രദ്ധ തിരിയും..! സൗന്ദര്യമൊക്കെ വീട്ടില്‍ മതി; തമിഴ്‌നാട് മന്ത്രി

ചെന്നൈ: പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന് മോഡികൂട്ടുന്ന ഒന്നാണ് കാലിലെ കൊലുസ്. പ്രത്യേകിച്ച് തമിഴ് നാട്ടില്‍ ചെറിയ കുട്ടികള്‍ മുതല്‍ അമ്മൂമ്മമാര്‍ വരെ കൊലുസിടും. എന്നാല്‍ ഇനി ഈ അലങ്കാരമൊക്കെ കുറയ്‌ക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ കിലുങ്ങുന്ന പാദസരമിട്ടാല്‍ അത് ആണ്‍കുട്ടികളുടെ പഠനത്തെ ദോഷമായി ബാധിക്കും എന്നാണ് പുതിയ വിവരം. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെഎ സെങ്കോട്ടയ്യനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ആണ്‍കുട്ടികളുടെ ശ്രദ്ധ തെറ്റാന്‍ കാരണമാകുമെന്ന തരത്തില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ വരരുത് എന്ന വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

മാത്രമല്ല കുട്ടികള്‍ മോതിരം ധരിച്ചു ക്ലാസിലെത്തിയാല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ടാല്‍ അതിന്റെ ആശങ്ക പഠനത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ ഗോപിച്ചെട്ടിപ്പാളയത്തു വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ സൈക്കിള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. അതിനിടെ, മന്ത്രിയുടെ നിലപാട് ലിംഗ സമത്വത്തിനെതിരാണെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി.

Exit mobile version