കൊവിഡ് രോഗം ഭേദമായവരെ ആലിംഗനം ചെയ്ത് യാത്രയയച്ച് ഡോ. എഡ്വിന്‍ ഗോമസ്; ഇതുവരെ സ്‌നേഹപൂര്‍വ്വം യാത്രയാക്കിയത് 190 രോഗികളെ

പനജി: കൊവിഡ് രോഗം ഭേദമായവരെ ആലിംഗനം ചെയ്ത് യാത്രയയ്ച്ച് ഡോ. എഡ്വിന്‍ ഗോമസ്. ഗോവ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവിയാണ് അദ്ദേഹം. ഇതുവരെ രോഗം ഭേദമായ 190 രോഗികളെയാണ് ഇദ്ദേഹം സ്‌നേഹപൂര്‍വ്വം വീടുകളിലേയ്ക്ക് യാത്രയയച്ചത്. ‘പരിശോധന നടത്തി നെഗറ്റിവായ രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് വിട്ടയക്കുന്നത്.

‘ഒരു ഡോക്ടര്‍ കൊവിഡ് രോഗിയെ ആലിംഗനം ചെയ്യുന്നതിലൂടെ സമൂഹത്തിന് ഒരു സന്ദേശം നല്‍കുകയാണ് ലക്ഷ്യം. സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല കൊവിഡ് ബാധിച്ചവരെന്ന സന്ദേശം’ ഡോക്ടര്‍ പറയുന്നു. 98 ദിവസത്തെ തുടര്‍ച്ചയായ സേവനത്തിന് ശേഷമാണ് ഡോ. എഡ്വിന്‍ വീട്ടിലേക്ക് മടങ്ങുന്നത്. കൊവിഡ് ഭേദമായി മടങ്ങുന്ന രോഗികളെ അദ്ദേഹം കൊവിഡ് മാലാഖമാര്‍ എന്നാണ് സംഭോധന ചെയ്യുന്നത്.

കൊവിഡ് മുക്തരായവര്‍ക്ക് അവരുടെ അനുഭവത്തില്‍ നിന്ന് രോഗത്തെ കുറിച്ച് മറ്റുള്ളവരോട് കൃത്യമായും വ്യക്തമായും പറയാന്‍ സാധിക്കുമെന്നും ഡോ. എഡ്വിന്‍ അഭിപ്രായപ്പെടുന്നു. രോഗം ഭേദമായവരുടെ പ്ലാസ്മയില്‍ കൊവിഡിനെതിരെയുള്ള ആന്റിബോഡികളുള്ളതിനാല്‍ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ഡോക്ടര്‍ പറയുന്നു. കൊവിഡ് ബാധിച്ചവര്‍ക്ക് ശ്വാസം കുറയുന്ന ഒരവസ്ഥ ഉണ്ടാകുമെന്നും അത് തിരിച്ചറിഞ്ഞ് ചികിത്സ തേടാതിരിക്കുന്ന സന്ദര്‍ഭങ്ങളിലാണ് രോഗം ഗുരുതരമാകുന്നതെന്നും ഡോ. എഡ്വിന്‍ കൂട്ടിച്ചേര്‍ത്തു.

രോഗമുക്തി നേടിയ ശേഷം രോഗികളുടെ ശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ തന്നെ തങ്ങിയ ഒരാളെ കുറിച്ചും ഡോ. എഡ്വിന്‍ സൂചിപ്പിച്ചു. രോഗികള്‍ക്ക് ഭക്ഷണം നല്‍കാനും പ്രാഥമികകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സഹായം അദ്ദേഹം നല്‍കിയിരുന്നുവെന്നും രോഗികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

Exit mobile version