രാജ്യത്തെ നോട്ട്നിരോധനം കള്ളപ്പണത്തെ ഒരുതരത്തിലും ബാധിച്ചില്ല; മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

നോട്ട് നിരോധനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് വേളകളില്‍ മുന്‍പത്തേക്കാള്‍ അധികമായി കള്ളപ്പണമാണ് ഞങ്ങള്‍ പിടിച്ചെടുത്തത്.

ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് നിരോധനം ഒരുതരത്തിലും കള്ളപ്പണം ഇല്ലാതാക്കാന്‍ സഹായിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് നിരോധനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് വേളകളില്‍ മുന്‍പത്തേക്കാള്‍ അധികമായി കള്ളപ്പണമാണ് ഞങ്ങള്‍ പിടിച്ചെടുത്തത്. ഇത് തെളിയിക്കുന്നത് നോട്ട്നിരോധനമടക്കമുള്ള നടപടികള്‍ കള്ളപ്പണം തടയാന്‍ ഒരു തരത്തിലും സഹായകരമായിട്ടില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ റെക്കോര്‍ഡ് തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. 200 കോടിയലധികം ഇതുവരെ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാത്തത് കൊണ്ടുതന്നെ വോട്ടിങ് മെഷീനുകള്‍ ഒരു തരത്തിലും ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. 99 ശതമാനം രാഷ്ട്രീയ പാര്‍ട്ടികളും ഇവിഎമ്മിനെ പിന്തുണക്കുന്നുണ്ട്. ആര്‍ക്കും പരിശോധനകള്‍ നടത്താന്‍ കമ്മീഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാവത്ത് സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ഞായറാഴ്ച സ്ഥാനമേറ്റെടുത്തിരുന്നു.

Exit mobile version