ചോദിച്ചത് ചിക്കന്‍ ബിരിയാണി, വാങ്ങി വന്നത് കുഷ്‌കയും; ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ സൗമ്യ തീകൊളുത്തി

ചെന്നൈ: ചിക്കന്‍ ബിരിയാണി വാങ്ങികൊടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ തീകൊളുത്തി മരിച്ചു. ചിക്കന്‍ ബിരിയാണിക്ക് പകരം കുഷ്‌ക വാങ്ങി കൊടുത്തതാണ് ഭാര്യയെ വേദനിപ്പിച്ചത്. മഹാബലിപുരത്തിനടുത്തുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മനോഹരന്റെ ഭാര്യ സൗമ്യ(28)യാണ് തീകൊളുത്തി മരിച്ചത്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗമ്യ മരണത്തിന് കീഴടങ്ങിയത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പുതുതായി തുടങ്ങിയ ഹോട്ടലില്‍ ഒരു ബിരിയാണി വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യമാണെന്ന അറിഞ്ഞതിനെ തുടര്‍ന്നാണ് ബിരിയാണ് വേണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ മനോഹരന്‍ ഹോട്ടലിലെത്തിയപ്പോള്‍ ചിക്കന്‍ ബിരിയാണി തീര്‍ന്നിരുന്നു. തുടര്‍ന്ന് കുഷ്‌ക(ബിരിയാണിക്കു സമാനമായ ദക്ഷിണേന്ത്യന്‍ വിഭവം) യും വാങ്ങി വീട്ടിലെത്തിയപ്പോള്‍ സൗമ്യ അതു കഴിക്കാന്‍ കൂട്ടാക്കിയില്ല. ശേഷം ഇരുവരും തമ്മില്‍ തര്‍ക്കവുമായി.

ഭാര്യ വഴക്കടിച്ചതോടെ കുഷ്‌ക അയല്‍വാസിക്ക് കൊടുത്ത ശേഷം മനോഹരന്‍ പുറത്തേക്ക് പോവുകയും ചെയ്തു. തൊട്ടുപിന്നാലെ വീടിന്റെ ടെറസില്‍ സൗമ്യ സ്വയം തീകൊളുത്തുകയായിരുന്നു. ഇതുകണ്ട് അയല്‍ക്കാര്‍ ഓടിയെത്തി യുവതിയെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version