സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശവുമായി യുജിസി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശവുമായി യുജിസി. അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ അടക്കം മാറ്റിവയ്ക്കണമെന്നാണ് യുജിസിയുടെ നിര്‍ദ്ദേശം.

അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവെക്കാനും യുജിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാനായിരുന്നു യുജിസി നിര്‍ദ്ദേശിച്ചത്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് മാറ്റണമെന്നാണ് യുജിസിയുടെ പുതിയ നിര്‍ദ്ദേശം.

അവസാനവര്‍ഷ പരീക്ഷ നടത്തുന്നതിന്് പകരം നേരത്തെയുള്ള ഇന്റേണല്‍ പരീക്ഷകളുടെയും സെമസ്റ്റര്‍ പരീക്ഷകളുടെയും മാര്‍ക്കുകള്‍ പരിഗണിച്ച് മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദ്ദേശവും യുജിസി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടുത്തയാഴ്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍ യുജിസിയോട് അക്കാദമിക്ക് വര്‍ഷാരംഭവും പരീക്ഷ നടത്തിപ്പും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version