കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ ഇരയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് സുപ്രീം കോടതി; ചരിത്രവിധിക്ക് പിന്നില്‍ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

ന്യൂഡല്‍ഹി: ഇനി മുതല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളെ വിട്ടയക്കുന്നതിനെതിരെ മേല്‍ക്കോടതിയില്‍ ഇരയ്ക്ക് അപ്പീല്‍ നല്‍കാമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എസ് അബ്ദുള്‍ നസീറും ജസ്റ്റിസ് ദീപക് ഗുപ്തയുമാണ്‌ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു മാത്രമായിരുന്നു അതിന് അനുമതി ഉണ്ടായിരുന്നത്. ക്രിമിനല്‍ കേസുകളില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കുന്ന സിആര്‍പിസി വകുപ്പായ 372-ന് ‘യാഥാര്‍ഥ്യപൂര്‍ണവും സ്വതന്ത്രവും പുരോഗമനപര’വുമായ വ്യാഖ്യാനം നല്‍കിയാണ് ഭൂരിപക്ഷ വിധിപറഞ്ഞത്. ജസ്റ്റിസുമാരായ ലോകുറും എസ് അബ്ദുള്‍ നസീറും അനുകൂലവിധി പറഞ്ഞപ്പോള്‍ ബെഞ്ചംഗമായ ജസ്റ്റിസ് ദീപക് ഗുപ്ത വിയോജിച്ചു.

കുറ്റകൃത്യം സംഭവിക്കുമ്പോള്‍ത്തന്നെ ഇരയുടെ ദുരിതം തുടങ്ങുകയാണെന്നും പലപ്പോഴും എഫ്ഐആര്‍ എടുക്കുന്നതിനുപോലും പ്രയാസം നേരിടുന്നെന്നും ജസ്റ്റിസ് ലോകുര്‍ പറഞ്ഞു.

Exit mobile version