തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ്: ഭാര്യയ്ക്കും കുഞ്ഞിനും രോഗം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിഴുപ്പുരം ജില്ലയിലെ ഋഷിവന്ത്യം നിയോജക മണ്ഡലത്തിലെ എംഎല്‍എയും ഡിഎംകെ നേതാവുമായ കെ കാര്‍ത്തികേയനാണ് രോഗം കണ്ടെത്തിയത്. വിഴുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാര്‍ത്തികേയന്റെ ഭാര്യ ഇളമതി, എട്ടുവയസുള്ള മകള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ ഏഴുപേരില്‍ ഒരാളാണ് എംഎല്‍എ.

നേരത്തെ, രണ്ടു എംഎല്‍എമാര്‍ക്കും ഒരു മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരു എംഎല്‍എ മരണപ്പെടുകയും ചെയ്തു. ശ്രീപെരുംപത്തൂര്‍ എംഎല്‍എ കെ പളനിക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ചെപ്പോക്ക് ട്രിപ്ലിക്കന്‍ എംഎല്‍എയും ഡിഎംകെ നേതാക്കളില്‍ പ്രമുഖനുമായിരുന്ന ജെ അന്‍പഴകന്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

കോവിഡ് സ്ഥിരീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല സമിതിയില്‍ അംഗമാണ് കെപി അന്‍പഴകന്‍.

Exit mobile version