ലഡാക്കിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി മോഡിയെ ചോദ്യം ചെയ്യരുത്: ബിജെപി

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിനിടെ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ചോദ്യങ്ങൾ ചോദിക്കുന്നത് നിരുത്തരവാദപരമെന്ന് ബിജെപി വക്താവ് സാമ്പിത് പത്ര. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയ്‌ക്കെതിരെ സംസാരിച്ച രാഹുലിന്റെ പ്രവൃത്തി നിരുത്തരവാദപരമാണ്. സർക്കാരിൽ വിശ്വാസം കാണിക്കണം. പ്രധാനമന്ത്രിയ്‌ക്കെതിരായാണ് സംസാരിക്കുന്നത് എന്നോർക്കണം. അദ്ദേഹം ഒരു വ്യക്തിയല്ല, രാജ്യത്തിന്റെ നേതാവാണെന്നും സാമ്പിത് പറഞ്ഞു.

നേപത്തെ, അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സൈനികർ കൊല്ലപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയായിരുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ നടപടിയേയും രാഹുൽ നിശിതമായി വിമർശിച്ചിരുന്നു. സംഭവത്തിൽ അനുശോചിക്കാൻ പ്രതിരോധമന്ത്രിയ്ക്ക് രണ്ട് ദിവസം വേണ്ടി വന്നതെന്തിനാണെന്നും രാഹുൽ ചോദിച്ചിരുന്നു.

ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രി നടന്ന സംഘർഷത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല. സംഘർഷത്തിൽ 43 ഓളം ചൈനീസ് സൈനികർ മരിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Exit mobile version