ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കണം, അത്തരം ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളും നിരോധിക്കണം; ആവശ്യവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ചൈനയ്‌ക്കെതിരെ പ്രതിഷേധം ആര്‍ത്തിരമ്പുന്നു. ചൈനീസ് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റെസ്റ്റോറന്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ രംഗത്തെത്തിയിരിക്കുകയാണ്.

ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അത്താവലെ പറയുന്നു. കേന്ദ്ര ഭക്ഷ്യ മന്ത്രിയാണ് അത്താവലെ. ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ചൈനീസ് ടെലിവിഷന്‍ സെറ്റുകള്‍ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും തങ്ങളുടെ പ്രതിഷേധം അറിയിച്ച് ഗുജറാത്തിലെ ജനങ്ങളും രംഗത്തെത്തിയിരുന്നു. ആളുകള്‍ കൂട്ടം കൂടിനിന്നാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചത്. ചൈനക്കും ചൈനീസ് സൈനികര്‍ക്കുമെതിരെ ഇവര്‍ മുദ്രാവാക്യവും മുഴക്കി, ഭാരത് മാതാ കീ ജയ് വിളിച്ചിരുന്നു. ഇതിനു പുറമെ, ചൈനീസ് മൊബൈലുകളടക്കം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഭക്ഷണങ്ങളും ബഹിഷ്‌കരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രമന്ത്രിയും രംഗത്തെത്തിയത്.

Exit mobile version