ആശുപത്രികള്‍ നിറഞ്ഞു: താജ്മാന്‍സിംഗ് ഹോട്ടല്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍; ഉത്തരവിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ വിഖ്യാത ഹോട്ടല്‍ താജ്മാന്‍സിംഗ് കോവിഡ് രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി റിസര്‍വ് ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സര്‍ ഗംഗാറാം ആശുപത്രിയിലെ രോഗികള്‍ക്കായാണ് ഹോട്ടല്‍ മുറികള്‍ വാര്‍ഡുകളാക്കി മാറ്റുന്നത്.

ഡല്‍ഹിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ആശുപത്രി കിടക്കകള്‍ മതിയാകാതെ വന്നു. ഇതിനെ തുടര്‍ന്നാണ് ഹോട്ടല്‍ മുറികള്‍ നിരീക്ഷണത്തിനായി മാറ്റിയിരിക്കുന്നത്.
അടിയന്തര പ്രാധാന്യത്തോടെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഹോട്ടലില്‍ താമസിപ്പിക്കുന്ന രോഗികളുടെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. ഹോട്ടലിലെ ജീവനക്കാര്‍ക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പ്രാഥമിക പരിശീലനവും നല്‍കിയിരിക്കണം. ആംബുലന്‍സ് സൗകര്യം ആശുപത്രി തന്നെ ഒരുക്കണം. രോഗികളില്‍ നിന്ന് ചാര്‍ജ് ഈടാക്കേണ്ടത് ആശുപത്രിയാണ്. ഹോട്ടല്‍ ചാര്‍ജ് നല്‍കേണ്ടതും ആശുപത്രി തന്നെയാണ്, തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

കോവിഡ് രോഗികളുടെ ബന്ധുക്കള്‍ക്ക് കിടക്കാനുള്ള സൗകര്യം ആശുപത്രികളിലില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. മുറികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന്
സര്‍ക്കാര്‍ ആശുപത്രികളുടെ ഇടനാഴികളില്‍ വരെ രോഗികള്‍ക്ക് കിടക്കേണ്ടതായി വരുന്നുവെന്നും പരാതി ഉണ്ട്.

Exit mobile version