‘പിക്ക് വണ്‍, സ്റ്റേ സേഫ്’ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍ തയ്ച്ച് നല്‍കി ലക്ഷ്മിയും മകന്‍ സൗരവ് ദാസും

ന്യൂഡല്‍ഹി; പാവപ്പെട്ടവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍ തയ്ച്ച് നല്‍കി ലക്ഷ്മിയും മകന്‍ സൗരവ് ദാസും. കൊവിഡ് 19 വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് സൗജന്യമായി നല്‍കാന്‍ തയ്യാറായി ഇരുവരും രംഗത്തെത്തിയത്. സൗത്ത് ഡല്‍ഹി സ്വദേശികളാണ് ഇവര്‍.

‘പിക്ക് വണ്‍, സ്റ്റേ സേഫ്’ എന്നാണ് ഇരുവരും ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ലക്ഷ്മിയാണ് മാസ്‌കുകള്‍ തയ്ക്കുന്നത്. ഇതിനോടകം 2000 മാസ്‌കുകള്‍ ഈ അമ്മയും മകനും വിതരണം ചെയ്തു കഴിഞ്ഞു. ‘ഇവ വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകളാണ്. എല്ലാ ദിവസവും 25-40 ഓളം മാസ്‌കുകള്‍ നിര്‍മ്മിച്ച് ചിത്തരഞ്ജന്‍ പാര്‍ക്കിലെ അഞ്ച് സ്ഥലങ്ങളില്‍ ബോക്‌സുകളില്‍ ഇടുന്നു. ഒരു രൂപ പോലും ചെലവഴിക്കാതെ പാവപ്പെട്ടവര്‍ക്ക് മാസ്‌ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്’ സൗരവ് ദാസ് പറയുന്നു.

ഒഴിവുസമയങ്ങളിലാണ് ലക്ഷ്മി മാസ്‌കുകള്‍ തയ്ക്കുന്നത്. ദാസിന്റെ അമ്മാവനാണ് മാസ്‌ക് തയ്യാറാക്കാനുള്ള കോട്ടണ്‍ തുണികള്‍ എത്തിക്കുന്നത്. സിനിമാട്ടോഗ്രാഫറായി ജോലി നോക്കുകയാണ് സൗരവ്. ലക്ഷ്മിക്കും സൗരവിനും നിരവധി പേരാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version