കൊക്ക കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; ഹര്‍ജിക്കാരന് അഞ്ച് ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്ക കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. ഉമേദ്സിങ് ചവ്ദ എന്നയാളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തെക്കുറിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവുമില്ലാതെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ക്കെതിരെ പിഴ ചുമത്തിയത്.

എന്തുകൊണ്ടാണ് ഈ രണ്ടു ബ്രാന്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ടു ഹര്‍ജി സമര്‍പ്പിച്ചതെന്ന് വിശദീകരിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമമാക്കി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഹര്‍ജി സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് കോടതിച്ചെലവായി 5 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ കെട്ടിവയ്ക്കാന്‍ ഉമേദിനോടു നിര്‍ദേശിക്കുകയും ചെയ്തു.

ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ശീതളപാനീയങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമേദ്സിങ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന കാര്യം സ്ഥിരീകരിക്കുന്ന വസ്തുതകളൊന്നും ഉമേദ് സമര്‍പ്പിച്ചിട്ടില്ലെന്നു കോടതി വ്യക്തമാക്കുകയും ചെയ്തു.

Exit mobile version