ഭക്ഷണമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ചു; ആനയ്ക്കും പശുവിനും പിന്നാലെ ആറ് വയസുകാരന് ദാരുണാന്ത്യം, രഹസ്യമാക്കാന്‍ ശ്രമിച്ച് കുടുംബവും

തിരുച്ചിറപ്പള്ളി: ഭക്ഷണസാധനമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച ആറ് വയസുകാരന് ദാരുണാന്ത്യം. ആനയ്ക്കും പശുവിനും പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്. തമിഴ്നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന്‍ വിഷ്ണുദേവാണ് അതിദാരുണമായി മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.

പിതാവിന്റെ സഹോദരന്‍ ഗംഗാധരന്റെ വീട്ടിലെത്തിയ വിഷ്ണു ദേവ് ജെലാറ്റിന്‍ സ്റ്റിക്ക് പലഹാരമാണെന്ന് കരുതി കടിച്ചതോടെ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വായിലും മുഖത്തും മാരകമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണപ്പെടുകയായിരുന്നു. അതേസമയം, സംഭവം രഹസ്യമാക്കിവെയ്ക്കാനാണ് കുടുംബം ശ്രമിച്ചത്. അന്ന് രാത്രി തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

എന്നാല്‍ മുസിരി ഡിവൈഎസ്പി കെകെ സെന്തില്‍കുമാറിന് സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വെളിപ്പെട്ടത്. ഭൂപതിയുടെ സഹോദരന്‍ ഗംഗാധരന്‍ മീന്‍ പിടിക്കാനായി കൊണ്ടുവന്ന ജെലാറ്റിന്‍ സ്റ്റിക്കാണ് കുട്ടി അബദ്ധത്തില്‍ കടിച്ചതെന്ന് പോലീസ് പറഞ്ഞു.

സമീപത്തെ ക്വാറി മാനേജറില്‍നിന്ന് രണ്ട് സ്റ്റിക്കുകളാണ് ഇയാള്‍ വാങ്ങിയത്. ഇതില്‍ ബാക്കിവന്നത് വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഭക്ഷണസാധനമാണെന്ന് തെറ്റിദ്ധരിച്ച് ആറ് വയസ്സുകാരന്‍ കടിച്ചുനോക്കിയത്. സംഭവത്തില്‍ ഗംഗാധരന്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവ് ഭൂപതിയും ബന്ധുവായ തമിഴരസനും ഒളിവിലാണ്.

Exit mobile version