കൊവിഡ് 19; രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,987 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 2.6 ലക്ഷം കടന്നു, മരണസംഖ്യ 7466 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,987 പേര്‍ക്കാണ്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2.6 ലക്ഷം കടന്നു. ഇതുവരെ 2,66,598 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 331 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 7466 ആയി ഉയര്‍ന്നു. 1,29,917 രോഗികളാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 1,29,215 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 88,528 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3169 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 44,384 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. 40,975 പേര്‍ രോഗമുക്തി നേടി.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇതുവരെ 33,229 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 286 പേരാണ് ഇവിടെ മരിച്ചത്. 17,527 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഡല്‍ഹിയില്‍ 29,943 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്ത് 20,545, ഉത്തര്‍പ്രദേശ് 10,947, രാജസ്ഥാന്‍ 10,763 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

Exit mobile version